പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടനം നിയസഭയിലെ ശങ്കരനാരയണന്‍ തമ്പി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റ് അപകടത്തില്‍ ലോകകേരള സഭയുടെ അനുശോചനം മുഖ്യമന്ത്രി അറിയിച്ച ശേഷമായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. നമ്മുടെ സാമൂഹിക – സാമ്പത്തിക ഘടനയെ ഒന്നാകെ മുന്നോട്ടു ചലിപ്പിക്കാനുള്ള ഉപാധിയായി പ്രവാസത്തെ പ്രയോജനപ്പെടുത്താന്‍ സാധിക്കണം. പ്രവാസികളില്‍ നിന്നുവരുന്ന പണത്തിന്റെ കാര്യത്തില്‍ ഉണ്ടായ മുന്നേറ്റം പ്രവാസിശേഷിയും പ്രതിഭയും ഉപയോഗിക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെമ്പാടുമായി പടര്‍ന്നു കിടക്കുന്ന മലയാളി സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് ലോക കേരളസഭ എന്ന വേദിയില്‍ സമ്മേളിക്കുന്നത്. കേരളത്തെ ലോകത്തെമ്പാടും എത്തിച്ച കേരളീയരുടെ പ്രവാസ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. എന്നാല്‍, ലോകമാകെയുള്ള കേരളീയ പ്രവാസികളെ തിരികെ കേരളവുമായി ഔദ്യോഗികമായി ബന്ധിപ്പിക്കാന്‍ നമുക്കു കഴിഞ്ഞതിന് കഴിഞ്ഞ 7-8 വര്‍ഷത്തെ ചരിത്രമേയുള്ളൂ. അത് സാധ്യമാക്കിയ ലോക കേരള സഭയുടെ നാലാമത്തെ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനമാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. അതോടൊപ്പം ലോക കേരളസഭയുടെ സമീപന രേഖയും സമര്‍പ്പിക്കപ്പെടുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് കേരളീയര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ചേക്കേറി തുടങ്ങിയത്. ബര്‍മ, സിങ്കപ്പൂര്‍, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മലയാളികളുടെ ആദ്യഘട്ട കുടിയേറ്റമെങ്കില്‍ പിന്നീടത് ഇന്ത്യയുടെ മറ്റു മഹാനഗരങ്ങളിലേക്കുമായി. പല ഘട്ടങ്ങളിലായി നടന്ന കുടിയേറ്റ പരമ്പരകളിലൂടെ കേരളീയര്‍ പ്രവാസികളുടെ വലിയ കൂട്ടമായി മാറുകയും പതിയെ ചെറിയ അതിരുകളെ ലംഘിച്ച് ലോകമെമ്പാടും പടര്ന്നുനില്ക്കുന്ന ഒരു വലിയ സമൂഹമായി രൂപാന്തരപ്പെടുകയും ചെയ്തു.
ലോകത്തെ മികവുറ്റ ഗവേഷണ കേന്ദ്രങ്ങളില്‍, മികവുറ്റ എന്‍ജിനിയറിങ് കമ്പനികളില്‍, സേവന മേഖലകളില്‍ എല്ലാം മലയാളിയുടെ വിരല്‍പ്പാട് പതിഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍, അത് നമ്മുടെ നാടിന്റെ മുന്നേറ്റത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു മറുപടി പറയേണ്ടിവരുന്ന കാലമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസിസമൂഹത്തില്‍ നിന്നുള്ള ആശയങ്ങളെയും പ്രതിഭകളെയും നമ്മുടെ സാമൂഹിക ഘടനയിലേക്കു സ്വാംശീകരിക്കുക എന്ന ലക്ഷ്യത്തോടെ ലോക കേരളസഭയ്ക്കു രൂപം നല്‍കിയത്. വിദേശത്തുള്ളവരുടെ പ്രജ്ഞയെയും പ്രതിഭയെയും നമ്മുടെ വിജ്ഞാന സമൂഹത്തിനായി, പുതിയ തലമുറയ്ക്കായി ഉപയോഗപ്പെടുത്താന്‍ നടപടി എടുക്കുക, വിദേശത്തുള്ളവരുടെ വിഭവങ്ങള്‍ അവരുടെ കൂടി അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഈ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസ-ക്ഷേമ കാര്യങ്ങള്‍ക്ക് പരിമിതികള്‍ക്കുള്ളില്‍ നിന്നു ചിലതു ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. മറ്റ് സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസിസമൂഹത്തെ കൂടെക്കൂട്ടുന്നതിനും അതോടൊപ്പം അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. ലോക കേരള സഭ രൂപീകൃതമായതിനു ശേഷം 3 സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് ഇതുവരെ നടന്നിട്ടുള്ളത്. അവയില്‍ എടുത്ത തീരുമാനങ്ങള്‍ നല്ല നിലയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും.
കൂട്ടായി ചിന്തിച്ച് വരുംകാല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള അവസരമാണ് ലോക കേരളസഭയുടെ ഈ നാലാം സമ്മേളനം. സഭയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൂടുതല്‍ അര്‍ത്ഥപൂര്‍ണവും വ്യാപകവും സമഗ്രവും ആക്കാം എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ കൂടി അടുത്ത രണ്ടുദിവസങ്ങളിലായി ഇവിടെ നടക്കണം. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഈ സര്‍ക്കാര്‍ കാത്തിരിക്കുന്നതായും ലോക കേരളസഭയുടെ സമീപന രേഖ സമര്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.