ന്യൂഡല്‍ഹി: ബംഗാളില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ഗുഡ്‌സ് ട്രെയിനിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം 15 ആയി. 60 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനിന്റെ പിന്നിലേക്ക് ഗുഡ്സ് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. എക്സ്പ്രസ് ട്രെയിനിന്റെ പിന്നില്‍ രണ്ട് പാര്‍സല്‍ ബോഗികള്‍ ഉണ്ട്. ഇത് ഉള്‍പ്പെടെയാണ് ഇടിയുടെ ആഘാതത്തില്‍ പാളത്തില്‍ നിന്നും നീങ്ങിയത്. ഗുഡ്സ് ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയില്‍വെയുടെ വിശദീകരണം.
ഡാര്‍ജലിംഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ബംഗാളിനെ വടക്കുകിഴക്കന്‍ നഗരങ്ങളായ സില്‍ച്ചാര്‍, അഗര്‍ത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചന്‍ജംഗ എക്‌സ്പ്രസ്. വടക്കുകിഴക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കന്‍ നെക്ക് ഇടനാഴിയിലാണ് ഈ റൂട്ട്. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗാര്‍ഡ് വാനിന് തൊട്ടുപിന്നിലായി യാത്രക്കാരെ കയറ്റുന്ന കോച്ചുകളായിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വലുതാവുമായിരുന്നെന്നാണ് വിദഗ്ധര്‍ പറയുന്നത്.