ചെന്നൈ: ജന്മദിന ആഘോഷങ്ങള്‍ മാറ്റിവെച്ച് ദുരിതമനുഭവിക്കുന്നവരെ കാണാന്‍ നടന് വിജയ് കല്ലക്കുറിച്ചിയിലെത്തി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായം എത്തിക്കാന്‍ വെട്രി കഴകം ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്കി. കല്ലാകുറിച്ചിയിലെ വിഷമദ്യ ദുരന്തം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചികിത്സയില്‍ കഴിയുന്നവര്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ അവഗണനയെ വിജയ് വിമര്‍ശിച്ചു. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതാദ്യമായാണ് വിജയ് ഒരു വിഷയത്തെ ദേഷ്യത്തോടെ അപലപിക്കുന്നത്.
തന്റെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കുന്നതിനിടയിലാണ് താരം ദുരന്തമുഖത്ത് എത്തിയത്. അന്‍പതാം പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവച്ച് കള്ളാക്കുറിച്ചിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. വിവിധ ആശുപത്രികളില്‍ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി വിജയ് ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. വിഷമദ്യ ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ സമീപനത്തെ രൂക്ഷമായാണ് താരം വിമര്‍ശിച്ചത്. എക്സിലൂടെയാണ് താരം വിമര്‍ശനം രേഖപ്പെടുത്തിയത്.