ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യാവാചകം ചൊല്ലിക്കൊടുത്തു. ‘കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നുപറഞ്ഞ് ദൈവനാമത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ തുടങ്ങിയത്. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. അടുത്ത് വരാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി തയാറെടുത്ത ലുക്കിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞക്ക് എത്തിയത്.
നേരത്തെ ലോക്സഭയിലെത്തിയ അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്തുണച്ചവര്ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.