തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിലെ കൗമാരക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി കനല് ഇന്നോവേഷന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന ‘ചങ്ങാതി’ പ്രോജക്ടിന്റെ ഭാഗമായി ‘സേ നോ’ ലഹരി വിരുദ്ധ ക്യാംപയിന് നടത്തി. ക്യാംപയിന് വെട്ടുകാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ സാക്ഷി മോഹന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മേഖലയില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കനല്. തീരദേശ മേഖലയിലെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടു കനല് നടപ്പാക്കി വരുന്ന പദ്ധതിയാണ് പ്രൊജക്റ്റ് ചങ്ങാതി.
കൗമാരക്കാരായ കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ഉന്നമനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൗമാരകാലഘട്ടത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഒരുവര്‍ഷം തുടര്‍ച്ചയായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സിലിങ്, ലൈഫ് സ്കില്‍ ട്രെയിനിങ്, ലഹരി വിരുദ്ധ ക്ലാസ്സുകള്‍, ശുചിത്വ ബോധവത്ക്കരണം, ആരോഗ്യപരമായ ഭക്ഷണ ശീലം, നാടക പരിശീലനം, കലാ പരിശീലനം, മെഡിക്കല്‍ ക്യാമ്പുകള്‍, രക്ഷാകര്‍ത്താക്കള്‍ക്കുള്ള പാരന്റ് മാനേജ്മെന്റ് ട്രെയിനിങ് എന്നിവ നല്കുന്നു. 2023-24 അധ്യായന വര്‍ഷത്തില്‍ ആരംഭിച്ച ചങ്ങാതി പ്രൊജക്ടിന്റെ ഭാഗമായി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്.
മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചതിന്റെ ഫലമായി കുട്ടികളിലെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ മനസിലാക്കുവാനും ഒരു പരിധി വരെ അവ പരിഹരിക്കുവാനും സാധിച്ചു. ‘വാട്ടര്‍ ബെല്‍’ ക്യാമ്പയിന്റെ ഫലമായി കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം വര്‍ധിച്ചു. മാത്രമല്ല കൗണ്‍സിലിങ് വഴി കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ ഗണ്യമായി കുറഞ്ഞതായും കണ്ടു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനമാണ് അസിസ്റ്റന്റ് കളക്ടര്‍ സാക്ഷി മോഹന്‍ ഇന്ന് നടത്തിയത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള കനലിന്റെ ‘സേ നോ’ എന്ന ക്യാംപയിന്റെ ആരംഭം കൂടിയായിരുന്നു ഇന്ന്. ലഹരി വിരുദ്ധതക്കെതിരെ കുട്ടികള്‍ പ്രതിജ്ഞ എടുക്കുകയും ശേഷം ക്യാംപയിനില്‍ പങ്കാളികളാകുന്നതിന്റെ പ്രതീകമായി ഒരു ബാഡ്ജും കുട്ടികള്‍ ധരിച്ചു.