ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരം ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജിനടിയില്‍ തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയ തെരുവ് കച്ചവടക്കാരനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ തിങ്കളാഴ്ച രാജ്യത്തുടനീളം പ്രാബല്യത്തില്‍ വന്നു, ഒരു വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്.
ബിഹാര്‍ ബര്‍ഹ് സ്വദേശിയായ പങ്കജ് കുമാറിനെതിരെയാണ് കേസ്. പ്രതിയായ പങ്കജ് പ്രധാന റോഡിന് സമീപം ഉന്തുവണ്ടിയില്‍ പുകയിലയും വെള്ളവും വില്‍ക്കുന്നത് യാത്രക്കാര്‍ക്ക് തടസവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി പൊലീസ് എഫ്‌ഐആറില്‍ പരാമര്‍ശിച്ചു. ആ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് പ്രതിയോട് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചു. ഇക്കാരണാത്താലാണ് പങ്കജിനെതിരെ ഭാരതീയ ന്യായ് സംഹിത പ്രകാരം കേസെടുത്തത്.
164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങള്‍ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎന്‍എസ്) സിആര്‍പിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎന്‍എസ്എസ്), ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎന്‍എസ്എസ്), ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ…
അധിനിയമവും (ബിഎസ്എ ) നിലവില്‍ വന്നു.