വയനാടില്‍ നിന്നുള്ള ആദിവാസി കര്‍ഷകനാണ് വിജയന്. 62 വയസിനിടെ ഒരിക്കലും വിദേശത്ത് പോയിട്ടില്ലാത്ത പരമ്പരാഗത കാപ്പി കര്ഷകന്. കഴിഞ്ഞ ദിവസങ്ങളില്‍ ഡെന്മാര്ക്കിലെ കോപ്പന് ഹെഗന് ബെല്ലാ സെന്ററില്‍ സ്പെഷ്യലൈസ്ഡ് കോഫീ അസോസിയേഷന് സംഘടിപ്പിച്ച ‘വേള്‍ഡ് ഓഫ് കോഫി 2024’ എക്സിബിഷനില്‍ പങ്കെടുക്കാനായി അദ്ദേഹത്തെയും സര്‍ക്കാര്‍ തെരഞ്ഞെടുത്തതോടെയാണ് ആദ്യമായി വിമാനത്തില്‍ കയറാനും കാപ്പിയുടെ വിശാലമായ സാധ്യതകള്‍ നേരിട്ട് മനസിലാക്കാനും വിജയന് ഒരു അവസരം ലഭിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ബിസിനസുകാരാണ് വിജയന് ഉള്‍പ്പെടെയുള്ള കേരള സംഘത്തെ കാണാന്‍ കേരളത്തിന്റെ സ്റ്റാളിലെത്തിയത്. വലിയ ഓര്‍ഡറുകളാണ് വയനാട് റോബസ്റ്റ കാപ്പിക്ക് അവിടെ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സ്റ്റാളില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്താണ് കേരള സംഘത്തിന് യാത്രയടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിനല്‍കിയത്. 3 ദിവസം നീണ്ട സമ്മേളനത്തില്‍ വ്യത്യസ്തമായ മണവും സ്വാദുമുള്ള വയനാട് റോബസ്റ്റ കോഫി ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. എസ്പ്രസ്സോ ഉള്‍പ്പെടെയുള്ള വിവിധയിനം വിലകൂടിയ കാപ്പികള്‍ തയ്യാറാക്കാന്‍ റോബസ്റ്റ കോഫി ഉപയോഗിക്കാമെന്നത് ഈ ഇനത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. ആഗോള മാര്ക്കറ്റിലേക്കുള്പ്പെടെ വലിയ രീതിയില്‍ കടന്നുകയറാന്‍ വലിയൊരു അവസരമാണ് റോബസ്റ്റ കോഫിക്ക് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. ഇത്തരമൊരു അവസരം ലഭ്യമാക്കി കാപ്പിക്ക് കൂടുതല്‍ മാര്‍ക്കറ്റ് സൃഷ്ടിക്കുന്നതിലും കര്‍ഷകരെ പിന്തുണക്കുന്നതിലും സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നുണ്ട് എന്നതിലും വിജയന് ഹാപ്പിയാണ്.