തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസ് സംഘര്‍ഷത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. യാതൊരു വിധ രാഷ്ട്രീയ ഭേദവും കാണിക്കാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യവട്ടം ക്യാമ്പസ് സംഘര്‍ഷം പ്രതിപക്ഷം നിയമസഭയില്‍ ആയുധമാക്കിയപ്പോള്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോളേജ് ക്യാമ്പസില്‍ നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിരവധി പോലീസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ക്യാമ്പസിന് പുറത്തുനിന്നുള്ള ആളുകള്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയതാണ് സംഘര്‍ഷത്തിന്റെ കാരണം. എംഎല്‍എമാരായ എം വിന്‍സന്റും ചാണ്ടി ഉമ്മനുമാണ് പൊലീസ് സ്റ്റേഷന് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. ഒരു പൊലീസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം, എസ്എഫ്ഐക്കെതിരെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത് എം വിന്‍സെന്റ് എംഎല്‍എയാണ്. മുഖ്യമന്ത്രി എസ്എഫഐക്ക് രാഷ്ട്രീയസംരക്ഷണം നല്‍കുന്നുവെന്നും ഇതാണ് അവരെ ആക്രമണങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതെന്നും എം വിന്‍സെന്റ് പറഞ്ഞു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.