ബഹിരാകാശ വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കുന്നതില്‍ പരസ്പര സഹകരണം സാധ്യമാക്കുന്നതിന് വിക്രം സാരാഭായ് സ്പേസ് സെന്ററുമായി കേരള സ്പേസ് പാര്‍ക്ക് (KSPACE) ധാരണാപത്രം ഒപ്പുവച്ചു. ബഹിരാകാശ, പ്രതിരോധ, വ്യോമയാന മേഖലകളിലെ സംരംഭങ്ങള്‍ക്കു വേണ്ടി ഒരു സംസ്ഥാന സര്‍ക്കാര്‍ രാജ്യത്താദ്യമായി ആരംഭിച്ച സ്പേസ് സിസ്റ്റം പാര്‍ക്കാണ് തിരുവനന്തപുരത്തെ കേരള സ്പേസ് പാര്‍ക്ക്. ഐഎസ്ആര്‍ഒ ചെയര്‍മാനും കേന്ദ്ര ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. എസ് സോമനാഥിന്റെ സാന്നിധ്യത്തിലാണ് കേരള സ്പേസ് പാര്‍ക്ക് ഇന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ധാരണാപാത്രം ഒപ്പിട്ടത്.
ധാരണാപത്ര പ്രകാരം സ്പേസ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ നിര്‍ണായക സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. സ്പേസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സംരഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും വിഎസ്എസ്സി സാങ്കേതിക പിന്തുണ നല്‍കും. പകരം രാജ്യത്താകെയുള്ള ബഹിരാകാശ പര്യവേഷണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു വ്യവസായ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ സ്പേസ് പാര്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ദേശീയ ബഹിരാകാശ രംഗത്തെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സ്പേസ് പാര്‍ക്ക് പ്രതിജ്ഞാബദ്ധമായിരിക്കും. വിഎസ്എസ്സിയും സ്പേസ് പാര്‍ക്കുമായുള്ള സഹകരണം ബഹിരാകാശ സാങ്കേതികവിദ്യയിലും വ്യവസായത്തിലും ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജം പകരുമെന്നുറപ്പാണ്.