തിരുവനന്തപുരം: വര്‍ഷങ്ങള്‍ കാത്തിരുന്ന സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് വിഴിഞ്ഞം പോര്‍ട്ട് ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്നും കേരള വികസനത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന് തന്നെ അഭിമാനകരമായ മുഹൂര്‍ത്തമാണിത്. ലോകത്ത് തന്നെ ഇത്തരം തുറമുഖങ്ങള്‍ വിരലിലെണ്ണാവുന്നതേയുള്ളൂ. ലോകത്തെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞത്ത് യാഥാര്‍ത്ഥ്യമായതെന്നും ഇതിലൂടെ ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും കേരളത്തിന്റെ നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം ഇതോടെ ആരംഭിക്കുകയാണ്. പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 2028-ഓടെ വിഴിഞ്ഞം സമ്പൂര്‍ണ തുറമുഖമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രതിബദ്ധത നല്ലരീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാണിച്ച സഹകരണത്തിന് ചടങ്ങില്‍ സന്നിഹിതനായിരുന്ന കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. 2045 ലാണ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുക എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ 2028-ഓടെ വിഴിഞ്ഞം സമ്പൂര്‍ണ്ണ തുറമുഖമായി മാറും. അദാനി ഗ്രൂപ്പ് പൂര്‍ണ്ണമായും സഹകരിച്ചു. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നത് പല വാണിജ്യ ലോബികള്‍ക്കും ഇഷ്ടമായിരുന്നില്ല. ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചില സ്ഥാപിത താല്പര്യക്കാര്‍ നിലപാടെടുത്തു. അതിനൊന്നും നമ്മുടെ ശക്തിയെ തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.