തിരുവനന്തപുരം: മഴ കനത്തതോടെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ മണിമല, പമ്പ എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, കോട്ടയം ജില്ലയിലെ മണിമല, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചുണ്ട്. ജൂലൈ 19 ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കാലവര്‍ഷക്കാറ്റും സജീവമായി തുടരുന്നതോടെ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.