ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ഡല്‍ഹി ഡിഡിയു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജയിലില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 15നാണ് കെ കവിത അറസ്റ്റിലായത്. കെ കവിത, രാഗവ് മകുന്ത, എം എസ് റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ് എഎപിയുടെ വിജയ് നായര്‍ക്ക് 100 കോടി നല്‍കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കെ കവിതയെ ആദ്യം അറസ്റ്റ് ചെയ്തത്. അനുകൂലമായ മദ്യനയം രൂപീകരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ കിക്ക്ബാക്ക് നല്കിയ സംഘത്തിന്റെ ഭാഗമാണ് കെ കവിത. മനീഷ് സിസോദിയയും കെജ്രിവാളും ഇതേ കേസില്‍ തിഹാര്‍ ജയിലിലാണ്. അഴിമതിക്കേസില്‍ കവിതയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്ന് കാണിച്ച് ജൂണില്‍ സി.ബി.ഐ കവിതയ്ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.