Newsperseconds.com

ദുരിതം തീര്‍ത്ത് പേമാരി; സംസ്ഥാനത്ത് മൂന്ന് മരണം; വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് വ്യാപക നാശനഷ്ടം;അണക്കെട്ടുകള്‍ നിറയുന്നു; അതീവ ജാഗ്രത നിര്‍ദ്ദേശം

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് പേമാരിയില്‍ വീണ്ടും മരണം. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി തിരയില്‍പ്പെട്ട് മരിച്ചു. മര്യനാട് അര്‍ത്തിയില്‍ പുരയിടത്തില്‍ അലോഷ്യസ് (45) ആണ് മരിച്ചത്.

മര്യനാട് മത്സ്യബന്ധനത്തിന് പോയപ്പോള്‍ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു അപകടം. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടുക്കി താളുംകണ്ടത്ത് സനീഷ് പുഴയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. മഴയായതിനാല്‍ പുഴയുടെ അതിര് കാണാന്‍ കഴിഞ്ഞില്ല. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആലപ്പുഴയില്‍ മരം വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആറാട്ടുവഴി സ്വദേശി ഉനൈസ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച മട്ടാഞ്ചേരിയില്‍ വെച്ചാണ് മരം വീണ് പരിക്കേറ്റത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആലപ്പുഴയില്‍ മഴയിലും കാറ്റില്‍ ഇതുവരെ തകര്‍ന്നത് 109 വീടുകള്‍. ജില്ലയില്‍ 4 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 10 കുടുംബങ്ങളിലെ 28 പേര്‍ ക്യാമ്പുകളില്‍ ഉണ്ട്.

എറണാകുളം പള്ളിക്കരയില്‍ മുട്ടംതോട്ടില്‍ ജോമോന്‍ മാത്യൂവിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് വ്യാപക നാശനഷ്ടം. ഇന്നലെ രാത്രി 10.30ഓടെയാണ് വലിയ ശബ്ദത്തില്‍ മണ്‍കട്ടകള്‍ വീടിന്റെ പിന്നിലേക്ക് പതിച്ചത്. മണ്ണിടിച്ചിലില്‍ വീടിന്റെ 2 മുറികള്‍ പൂര്‍ണമായും തകര്‍ന്നു. ജോമോനും,കുടുംബവും ഭക്ഷണം കഴിക്കുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍.

Share this Article

Leave a Comment