കേരളത്തില്‍ നിപാ വൈറസിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തിയ സാഹചര്യത്തില്‍ കൊച്ചിയിലെ വഴിയോര ഞാവല്‍പ്പഴ കച്ചവടം അടിയന്തരമായി നിരോധിക്കണമെന്ന് എറണാകുളം ജില്ലയിലെ ബിജെപി നേതാവ് ബാലചന്ദ്രന്‍. കൊച്ചി നഗരസഭയിലെയും തൃക്കാക്കര മുനിസിപ്പാലിറ്റിയിലേയും ആരോഗ്യ വിഭാഗം അടിയന്തരമായി വഴിയോരങ്ങളില്‍ കൊണ്ടുവന്നു വച്ചു വില്‍ക്കുന്ന ഞാവല്‍പ്പഴ കച്ചവടം നിരോധിക്കണമെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. നിപ ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പേരക്ക, ഞാവല്‍പഴം, റംബൂട്ടാന്‍ തുടങ്ങിയ പഴങ്ങള്‍ റോഡരികില്‍ വില്‍ക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം മേഖലയിലെ തിരൂര്‍, കോട്ടക്കല്‍ കൂടാതെ പാലക്കാട് ഭാഗങ്ങളില്‍ നിന്നാണ് ഞാവല്‍ പഴം കൊണ്ടുവന്നു റോഡിന്റെ ഇരു ഭാഗങ്ങളിലും വച്ച് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നത്. മലപ്പുറം പാലക്കാട് മേഖലയിലാണ് കൂടുതല്‍ നിപ പരിശോധന റിപ്പോര്‍ട്ടിന് കാത്തിരിക്കുന്നത്. ഈ രണ്ട് ജില്ലകള്‍ക്കു പുറമെ തിരുവനന്തപുരം അടക്കം ഏകദേശം 350 പേരാണ് ടെസ്റ്റിന് വിധേയമായിട്ടുള്ളത്. വവ്വാലുകള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന മരമാണ് ഞാവല്‍. തമിഴ്‌നാട്ടില്‍ നിന്ന് വരുന്നതാണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സാഹചര്യത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. എത്രയും പെട്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഞാവല്‍ പഴക്കച്ചവടവും പേരക്ക തുടങ്ങിയ കച്ചവടം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കണം. രോഗം മൂര്‍ച്ചിക്കുന്നതിന് മുമ്പ് രാത്രികാല കച്ചവടങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ മുന്‍കൈയെടുക്കണമെന്നും ബാലചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.