Newsperseconds.com

1250 ഏക്കറില്‍ 3350 വനിതകള്‍ ആരംഭിച്ച പൂക്കൃഷി; നിറപ്പൊലിമ, ഓണക്കനി പദ്ധതികള്‍ക്ക് തുടക്കം

Flower

ഉന്നമനത്തിലൂടെ സമൂഹത്തിലെ പരമ്പരാഗത രീതികള്‍ ഇല്ലാതാക്കി സ്ത്രീകളുടെ വിധിവാക്യങ്ങള്‍ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ. പെരുങ്കടവിള അണമുഖത്ത് കുടുംബശ്രീയുടെ നിറപ്പൊലിമ, ഓണക്കനി പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു. ഇന്ന് ഉത്പാദന, വിപണന, സേവന മേഖലകളിലടക്കം പുതു ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതലത്തിലേക്ക് കുടുംബശ്രീ ഉയര്‍ന്നു. ഇതിന്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് കേരളത്തിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനായുള്ള ഓണക്കനി 2024 പദ്ധതിയും കുടുംബശ്രീ കര്‍ഷക സംഘങ്ങളുടെ പൂകൃഷി ചെയ്യുന്ന നിറപ്പൊലിമ പദ്ധതിയും. പൂവും പച്ചക്കറിയും ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകള്‍ക്ക് മാന്യമായ വരുമാന മാര്‍ഗമൊരുക്കാനും ഇരുപദ്ധതികളും വഴി സാധിക്കും. 1250 ഏക്കറില്‍ 3350 വനിതകള്‍ പൂക്കൃഷി ആരംഭിച്ചിട്ടുണ്ട്. ഒരേക്കര്‍ കൃഷി ചെയ്യുന്നതിന് 10,000 രൂപയാണ് റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ നല്‍കുന്നത്. പൂവിനായി ഏറെയും മറ്റു സംസ്ഥാനത്തെയാണ് നാം ആശ്രയിക്കുന്നത്. ഇതൊഴിവാക്കുന്നതിനും പൂവിപണിയിലൂടെ വനിതകള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുമാണ് ‘നിറപ്പൊലിമ’ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്.

നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ കേരളമൊട്ടാകെ 84327 കര്‍ഷക സംഘങ്ങളിലായി 3,92,682 വനിതകള്‍ ഇന്ന് കാര്‍ഷിക മേഖലയില്‍ സജീവമാണ്. 17635 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കിയിട്ടുണ്ട്. 25 സെന്റില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ബാങ്ക് വായ്പയും കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ സബ്സിഡിയും ഇന്‍സെന്റീവും ലഭിക്കും. 2023-24 സാമ്പത്തിക വര്‍ഷം മാത്രം 4.43 കോടി രൂപയാണ് ഇന്‍സെന്റീവ് ഇനത്തില്‍ വിതരണം ചെയ്തത്. 4.4 കോടി രൂപ പലിശ സബ്സിഡി ഇനത്തിലും നല്‍കി. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേന നടത്തി വരുന്നുണ്ട്. ഓരോ കുടുംബത്തിനും ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതി വഴി സംസ്ഥാനത്ത് 11,30,371 കുടുംബങ്ങളില്‍ പോഷക ഉദ്യാനങ്ങളൊരുക്കാന്‍ കഴിഞ്ഞു. വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും വിപണനം ചെയ്യുന്ന ‘നേച്ചേഴ്സ് ഫ്രഷ്’ ഔട്ട്ലെറ്റുകള്‍ സംസ്ഥാനത്ത് 88 ബ്ളോക്കുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 52 എണ്ണം കൂടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു.

Share this Article

Leave a Comment