വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ബാഗ്ലൂരില്‍ നിന്നാണ് എത്തുക. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അതേ സമയം, വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ വാഹനങ്ങള്‍, ആളുകള്‍ എന്നിവ നല്കാന് തയ്യാറാണെന്ന് എം കെ സ്റ്റാലിന് പറഞ്ഞു. എന്‍ഡിആര്‍ഫ് സംഘവും ഫയര്‍ഫോഴ്സും ദുരന്തമേഖലയിലുണ്ട്.