കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ നാശം വിതച്ച ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ദുരന്തബാധിതര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനകളുമുണ്ടെന്ന് ജോ ബൈഡന് പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയിലെ കേരളത്തിലുണ്ടായ മാരകമായ ഉരുള്‍പൊട്ടലില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് യുഎസ് പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ തങ്ങളും പങ്കുചേരുന്നു. അതിസങ്കീര്‍ണമായ രക്ഷാദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ സര്‍വീസ് അംഗങ്ങളുടെ ധീരതയെ തങ്ങള്‍ അഭിനന്ദിക്കുന്നു. ഈ വേദനയ്ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളില്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നും ബൈഡന് അറിയിച്ചു.