കൊച്ചുവേളി, നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറ്റിയിരിക്കുന്നത്. ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ സജീവമാകും.
പേര് മാറ്റണമെന്ന് ഏറെ നാളായുള്ള സംസ്ഥാനത്തിന്റെ ആവശ്യമായിരുന്നു. നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അംഗീകരിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് 9 കിലോ മീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകള്‍. സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പതിനഞ്ചോളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുന്നത്.