ആലപ്പുഴ: സാക്ഷരതാ മിഷന്റെ പ്ലസ് ടു തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ആലപ്പുഴ നഗരസഭയിലെ 4 കൗണ്‍സിലര്‍മാര്‍. പവര്‍ഹൗസ് വാര്‍ഡ് കൗണ്‍സിലര്‍ ഹെലന് ഫെര്‍ണാണ്ടസ്, കൊമ്മാടി വാര്‍ഡ് കൗണ്‍സിലര്‍ മോനിഷ, സിവില്‍ സ്റ്റേഷന് വാര്‍ഡ് കൗണ്‍സിലര്‍ സിമി ശാഫി ഖാന്, വാടക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ മേരി ലീന എന്നിവരാണ് പ്ലസ് ടു തുല്യതാ പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയത്. ഏതു പ്രായത്തിലും പഠിച്ച് ജയിക്കാമെന്ന് തെളിയിച്ചു കൊടുത്ത സംസ്ഥാന സാക്ഷരതാ മിഷന് പ്ലസ് ടു തുല്യതാ കോഴ്സിലൂടെ അവരുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. പൊതുപ്രവര്‍ത്തനത്തിനും, മറ്റ് തിരക്കുകള്‍ക്കുമിടയില്‍ പാതിവെച്ചു ഉപേക്ഷിക്കപ്പെട്ട് പോയ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതില്‍ ദൃഢ നിശ്ചയത്തോടുകൂടി മുന്നോട്ടുപോയവരാണ് നാലു പേരും.
പാഠപുസ്തകങ്ങള്‍, അധ്യാപക സഹായികള്‍ എന്നിവയെല്ലാം കോഴ്സ് ആരംഭിക്കുമ്പോള്‍ സംസ്ഥാന സാക്ഷരതാ മിഷന് നേരിട്ട് തന്നെയാണ് വിതരണം ചെയ്യുന്നത്. ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ക്കും തിരക്കുള്ള ജോലിക്കുമിടയില്‍ നിന്നുമാണ് നാല് പേരും പഠനം കൊണ്ടുപോയത്. സാക്ഷരതാ മിഷന്റെ എല്ലാ ഞായറാഴ്ചകളിലേയും പൊതു അവധി ദിവസങ്ങളിലേയും ക്ലാസ്സുകളിലും പങ്കെടുത്തിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാരുടെ ഉയര്‍ന്ന വിജയത്തില്‍ ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇത് നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമെന്ന അടിക്കുറിപ്പോട് കൂടിയാണ് ഫേസ്ബുക്കില്‍ ജയമ്മ അഭിനന്ദനങ്ങള്‍ അറിയിച്ചത്.