ടെല്‍അവീവ്: ഗാസയിലെ ഒരു സ്കൂളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 100ലധികം പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അവകാശപ്പെട്ടു.കഴിഞ്ഞ ആഴ്ച ഗാസയിലുടനീളം അഭയാര്‍ഥി ക്യാംപുകളായ നാല് സ്കൂളുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഓഗസ്റ്റ് 4ന് ഗാസ സിറ്റിയില്‍ അഭയാര്‍ഥി ക്യാപുകളായ രണ്ട് സ്കൂളുകള്‍ ആക്രമിക്കപ്പെട്ടു. 30 പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 1ന് ദലാല്‍ അല്‍ മുഗ്രബി സ്കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. സ്കൂളുകളില്‍ ഹമാസ് ഭീകരര്‍ ഉണ്ടെന്ന പേരിലാണ് ഗാസയിലുടനീളമുള്ള അഭയാര്‍ഥി ക്യാപുകളില്‍ ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടുന്നത്.