തിരുവനന്തപുരം: ലൈംഗികാരോപണത്തിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് യുവനടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇന്ന് അമ്മ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.
സിനിമ ലോകത്തെ കൊടും ക്രിമിനലാണ് സിദ്ധീഖ് എന്നും സിനിമ ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. 2019 ലും രേവതി സിദ്ദിഖിന് എതിരെ തുറന്നു പറച്ചില് നടത്തിയിരുന്നു. എന്നാല്‍ തന്നെ പിന്നീട് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും നടി വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചത്. രാജിക്കത്ത് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് കൈമാറി. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ”അമ്മ” യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമര്‍ശം.
21 വയസ്സുള്ളപ്പോഴാണ് തന്നെ ട്രാപ്പിലാക്കി സിദ്ധിഖ് ഉപദ്രവിച്ചത് എന്നും മാധ്യമങ്ങളോട് രേവതി പറഞ്ഞു. മലയാള സിനിമയിലെ നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ് സിദ്ധീഖ്. പ്ലസ് ടു കഴിഞ്ഞ് നില്ക്കുന്ന സമയത്തായിരുന്നു സോഷ്യല്‍മീഡിയ വഴി സിദ്ധീഖ് ബന്ധപ്പെട്ടത്. എന്റെ സുഹൃത്തുക്കള്‍ക്ക് അടക്കം പലര്‍ക്കും അക്കൗണ്ട് വഴി സിദ്ദിഖ് മെസേജ് അയച്ചിട്ടുണ്ടെന്നും രേവതി പറഞ്ഞു. ഹോട്ടലില്‍ വച്ച് സിനിമ ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞിട്ടാണ് ഞാന്‍ അവിടെ പോകുന്നത്. എല്ലാവരേയും വിളിക്കുന്നതുപോലെ മോളെ എന്നാണ് വിളിക്കുന്നത്. അതൊരു ട്രാപ്പായിരുന്നു. ഇന്ന് അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്. ഞാന്‍ ഉള്‍പ്പടെയുള്ള ഇരകളോട് വളരെ മോശമായാണ് അയാള്‍ പെരുമാറിയത്. എന്റെ സമ്മതമില്ലാതെ എന്നെ ഉപദ്രവിക്കുകയും അടിക്കുകയും തൊഴിക്കുകയും എന്നെ ട്രാപ്പിലാക്കുകയും ചെയ്തു.അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞു.