ഒളിമ്പ്യന്‍ പി ആര് ശ്രീജേഷിനെ പോലെയുള്ള കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രഥമ ‘കേരള സ്കൂള്‍ ഒളിമ്പിക്സ് കൊച്ചി ട്വന്റി ഫോര്‍’ എന്ന പേരില്‍ നവംബര്‍ 4 മുതല്‍ 11 വരെ രാവും പകലുമായി എറണാകുളം ജില്ലയില്‍ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് 45 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമ പരിഗണന വിഷയങ്ങളില്‍ ഒന്നാണ് ആരോഗ്യവും സ്പോര്‍ട്സും. കുട്ടികളുടെ കായിക പ്രതിഭ ചെറിയ പ്രായത്തില്‍ കണ്ടെത്തി സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാകുന്ന ഇന്‍ക്ലൂസിവ് സ്പോര്‍ട്സ് ഒളിമ്പിക്സിന്റെ ഭാഗമാകും. 24,000 കായികതാരങ്ങള്‍ അണിനിരക്കുന്ന ലോകത്ത് തന്നെ ഏറ്റവും വലിയ കൗമാര കായിക മേളയാകും ഇത്. എറണാകുളം ജില്ലയില്‍ 16 മത്സരവേദികളിലാണ് ഒളിമ്പിക്സ് അരങ്ങേറുക. ഉദ്ഘാടന സമ്മേളനം ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും.
കഴിഞ്ഞദിവസം കേരള സ്കൂള്‍ ഒളിമ്പിക്സിന്റെ സംഘാടകസമിതി യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. 15 സബ്ക്കമ്മിറ്റികള്‍ക്ക് യോഗം അംഗീകാരം നല്കി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികള്‍ ചെയര്മാന്മാരായും അധ്യാപക സംഘടന ഭാരവാഹികള്‍ കണ്‍വീനര്‍മാരായും ഉള്ള കമ്മിറ്റികളാണ് നിലവില്‍ വന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കമ്മിറ്റികളിലും വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു പ്രതിനിധി അംഗമാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടകസമിതി ഓഫീസ് കൊച്ചി കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.