തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് ഹോട്ടലില്‍ നിന്ന് കഴിക്കാന്‍ വാങ്ങിയ ഉഴുന്നുവടയില്‍ ബ്ലേഡ് കണ്ടെത്തി. കുമാര്‍ സെന്ററില്‍ നിന്നും പാലോട് സ്വദേശികള്‍ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കഷ്ണം കണ്ടെത്തിയത്. ഹോട്ടല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അടപ്പിച്ചു.
പാലോട് സ്വദേശിയായ അനീഷും മകള്‍ സനുഷയും ഇന്ന് രാവിലെയാണ് ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെണ്‍പാലവട്ടത്തുള്ള കുമാര്‍ ടിഫിന്‍ സെന്ററില്‍ കയറിയത്. മകള്‍ സനുഷ കഴിക്കാന്‍ വാങ്ങിയ ഉഴുന്നുവടയില്‍ നിന്നാണ് ബ്ലേഡ് കഷ്ണം കിട്ടിയത്. ഉഴുന്നുവട കഴിക്കുന്ന സമയം സനുഷയുടെ പല്ലിലെ കമ്പിയില്‍ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ടിഫിന്‍ സെന്റര്‍ അധികൃതരെ വിവരമറിയിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ പേട്ട പൊലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭയിലെ ആരോഗ്യവിഭാഗവും കടയില്‍ പരിശോധന നടത്തി.