സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വാഹനപകടത്തില്‍ മരണപ്പെട്ട ജെന്‍സന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അമ്പലവയലിലെ ആണ്ടൂരില്‍ പൊതുദര്‍ശനമുണ്ടാകും. ജെന്‍സന്റെ മരണത്തില്‍ നാട് മുഴുവനും വിങ്ങിപ്പൊട്ടുകയാണ്. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനമറിയിച്ചു. ജെന്‍സന്റെ മരണം ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് പകരം എന്ത് നല്കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നല്കാന് സാധിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുടുംബം മുഴുവന്‍ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരന് ജെന്സന് ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ മേരി ജയന് ദമ്പതികളുടെ മകനാണ് ജെന്സന്. ചൊവ്വാഴ്ച വൈകീട്ടാണ് ജെന്‍സനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാന്‍ കല്‍പ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെന്സണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തിയിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.