കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്ന് വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്.
പലതവണ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതിയില്‍ സുനിയെ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നാണ് നിര്‍ദേശിച്ചത്. ഇതിന്റെ ഭാഗമായാണ് ഇന്ന് വിചാരണ കോടതിയില്‍ പള്‍സര്‍ സുനി അപേക്ഷ നല്‍കുന്നത്.