മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോള്‍ നിലപാട് മാറുമെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണം പൊട്ടിക്കലില്‍ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമല്ല, മനോവീര്യം തകര്‍ന്നത് പൊലീസിലെ കള്ളന്മാരുടേതാണ്, കോണ്‍ഗ്രസിന്റ വഴിയിലൂടെ വന്ന ആളാണ് ഇഎംഎസും തുടങ്ങി മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്ക് അന്‍വര്‍ അക്കമിട്ടാണ് മറുപടി പറഞ്ഞത്. വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രിയും പിവി അന്‍വറും കൊമ്പു കോര്‍ത്ത് പോരാട്ടം തുടരുകയായിരുന്നു. അതോടൊപ്പം തന്നെ ഫേസ്ബുക്കിലും പിവി അന്‍വര്‍ കടുത്ത ഭാഷയില്‍ കുറിച്ചു. ‘ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്. അത് മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ല’, എന്നാണ് അന്‍വര്‍ കുറിച്ചത്.
താന്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം കേരള പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്. ഇക്കൂട്ടര്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. എന്നാല്‍, മറ്റുള്ളവര്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരായാണ് തന്റെ പോരാട്ടം. ഈ പോരാട്ടം തുടരുമെന്നും അന്‍വര്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ടത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതാണ്. പൊലീസിലെ മനോവീര്യം തകരുന്നവര്‍ 4-5 ശതമാനം വരുന്ന ക്രിമിനലുകള്‍ക്കാണ്. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു.
മുഖ്യമന്ത്രിയെ പൊട്ടകിണറ്റില്‍ ചാടിക്കാന്‍ നില്‍ക്കുന്ന ഒരു വിഭാഗമാണ് അദ്ദേഹത്തിന്റെ കൂടെയുള്ളത്. അത് പി ശശിയും എം.ആര്‍ അജിത് കുമാറും മാത്രമല്ല. താന്‍ പറയുന്ന കാര്യങ്ങളെല്ലാം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് മനസിലായിട്ടുണ്ട്. പാര്‍ട്ടിയിലെ ഒരു സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നത് അദ്ദേഹം മനസിലാക്കണം. താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്ക് ബോധ്യപെട്ടില്ല എന്ന് പറയട്ടെ. സി.പി.എമ്മിന്റെ മറുപടിക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണ്. പോലീസിന്റെ മനോവീര്യം തകര്‍ന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് 100% തെറ്റാണെന്നും അന്‍വര്‍ ചോദ്യത്തോട് പ്രതികരിച്ചു. സ്വര്‍ണ്ണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് ഉണ്ടായതാണ്. ആ കേസില്‍ അന്വേഷണം നടക്കണമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു പരസ്യ വെല്ലുവിളിയാണ് ഇന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ പിവി അന്‍വര്‍ നടത്തിയത്.