Newsperseconds.com

‘ചതുരംഗക്കളത്തിന് പിന്നിലെ അമ്മമനസ്സ്’; ലോകം ആദരിക്കുന്ന മക്കള്‍ക്ക് ജന്മം നല്‍കിയ ഭാഗ്യവതിയായ അമ്മ; ചെസ്സിന്റെ ലോകത്ത് അത്ഭുതം തീര്‍ക്കുന്ന മക്കള്‍ക്ക് കരുത്തേകി നാഗലക്ഷ്മി

Untitled 1

ലോക ചെസ് ചാംപ്യന്‍ മാഗ്‌നസ് കാള്‍സനെ മൂന്ന് തവണ തോല്‍പ്പിച്ച് ചരിത്രം മാറ്റി കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ ആണ് ഇന്ത്യക്കാരനായ പ്രജ്ഞാനന്ദ രമേഷ്ബാബു. വുമണ്‍ ഗ്രാന്‍ഡ്മാസ്റ്ററും ഇന്റര്‍നാഷണല്‍ മാസ്റ്ററുമായ ആര്‍ വൈശാലിയുടെ ഇളയ സഹോദരന്‍. ചെസ്സിന്റെ ലോകത്ത് കരുക്കള്‍ നീക്കി മുന്നേറുന്ന ഇരുവരുടേയും വിജയത്തിന് പിന്നില്‍ അമ്മ നാഗലക്ഷ്മിയുടെ പ്രോത്സാഹനവും പ്രചോദനവുമാണ്. ലോകം ആദരിക്കുന്ന മക്കള്‍ക്ക് ജന്മം നല്‍കിയ നാഗലക്ഷ്മിയും ഇന്ത്യയുടെ അഭിമാനമാണ്. മക്കളുടെ കഴിവുകള്‍ വളരെ ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞ് അവര്‍ക്ക് വഴികാട്ടിയായി. വീട്ടമ്മ എന്ന സ്ഥാനത്ത് മാത്രം ഒതുങ്ങാതെ മക്കളുടെ ചതുരംഗക്കളത്തിന് പിന്നില്‍ ആത്മവിശ്വാസത്തോടെ ഈ അമ്മ ഉണ്ടാകാറുണ്ട്. തന്റെ കഷ്ടതകള്‍ മറച്ച് വെച്ച് മക്കള്‍ക്ക് കരുത്തേകി. തിരക്കേറിയ വേദികളില്‍ മാറിനിന്ന് മക്കളെ വീക്ഷിക്കുന്ന ഈ അമ്മയുടെ മുഖം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. എയര്‍തിങ്‌സ് മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണ്ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ അഞ്ചുതവണ ലോകചാമ്പ്യനായ നോര്‍വീജിയന്‍ താരം കാള്‍സണെ അട്ടിമറിച്ച് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പേര് ഉയര്‍ത്തിയത്. കായികലോകം മുഴുവന്‍ ഇന്ത്യയിലെ അത്ഭുത ബാലനിലേക്ക് ഒതുങ്ങിയ ആ ദിനത്തില്‍ നാഗലക്ഷ്മി അമ്മ അഭിമാനം കൊണ്ട് കണ്ണീര്‍ വാര്‍ത്തു.

വെറും ഏഴാം വയസ്സില്‍ തന്നെ ലോകചെസ് കിരീടം നേടി പ്രജ്ഞാനന്ദ ലോകത്തെ ഞെട്ടിച്ചിരുന്നു. 2005 ആഗസ്റ്റ് 10 ന് ചെന്നൈയിലാണ് പ്രജ്ഞാനന്ദ ജനിച്ചത്. 2018 ജൂലൈയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിക്കുമ്പോള്‍ പ്രജ്ഞാനന്ദയ്ക്ക് 12 വയസ്സ് മാത്രമായിരുന്നു പ്രായം. പ്രജ്ഞാനന്ദയ്ക്ക് മുന്നില്‍ അഭിമന്യു മിശ്ര, സെര്‍ജി കര്യാക്കിന്‍, ഗുകേഷ് ഡി, ജാവോഖിര്‍ സിന്ദര്‍കോവ് എന്നിവരാണ് ഉള്ളത്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയുള്ള വൈശാലിയുടെ ചതുരംഗക്കളത്തിലെ നീക്കങ്ങള്‍ കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്നതാണ് പ്രജ്ഞാനന്ദ. ചെസ്സിന്റെ ലോകത്ത് അത്ഭുതം തീര്‍ക്കുന്ന മക്കളുടെ കൂടെ എന്നും നാഗലക്ഷിയുണ്ട്. ചേച്ചിയില്‍ നിന്ന് ചെസ്സിനെക്കുറിച്ച് മനസ്സിലാക്കിയ പ്രജ്ഞാനന്ദ പിന്നീട് ആര്‍.ബി രമേശിന് കീഴിലാണ് പരിശീലനം ആരംഭിച്ചത്. പരിശീലകനെ വരെ പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട്. അസാമാന്യ കഴിവ് കൊണ്ട് ലോക ശ്രദ്ധ നേടി കുതിക്കുന്ന പ്രജ്ഞാനന്ദയ്ക്കും ആര്‍ വൈശാലിക്കും ധൈര്യം പകരാന്‍ ഈ അമ്മ എന്നും കൂടെയുണ്ട്.

Share this Article

Leave a Comment