കൊച്ചി: എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിനോദയാത്ര പുറപ്പെടുന്നതിന്റെ തൊട്ടു മുമ്പ് ബസ്സുകള്‍ കൊച്ചിയില്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് വിനോദ യാത്രക്ക് ഉണ്ടായിരുന്നത്. പുറപ്പെടുന്നതിന്റെ തൊട്ടു മുമ്പാണ് എംവിഡി സ്ഥലത്തെത്തി ബസ്സുകളില്‍ പരിശോധന നടത്തിയത്.
വിനോദയാത്രക്ക് പുറപ്പെടുന്നതിനു മുന്‍പ് ബസുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടര്‍ന്നാണ് ബസ്സുകള്‍ കസ്റ്റഡിയില്‍ എടുത്തത്. ബസിന്റെ ഫിറ്റ്നസ് രേഖകള്‍ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനല്‍കുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ ദിവസങ്ങള്‍ കാത്തിരുന്ന് കിട്ടിയ ടൂര്‍ അവസാന നിമിഷത്തില്‍ മുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വിഷമത്തിലായി. ടൂര്‍ പോകുന്നതിനായി പുലര്‍ച്ചെ തന്നെ 200ഓളം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയിരുന്നു. ബസ്സുകള്‍ എംവിഡി പിടിച്ചെടുത്തതോടെ കുട്ടികള്‍ നിരാശരായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മറ്റൊരു ദിവസത്തേക്ക് വിനോദയാത്ര അധികൃതര്‍ മാറ്റി വെച്ചതായി അറിയിച്ചു.