Newsperseconds.com

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു; ക്ഷേത്രങ്ങള്‍ സിനിമാഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി

Untitled 1

കൊച്ചി: ക്ഷേത്രങ്ങള്‍ സിനിമാഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശം. ക്ഷേത്രങ്ങള്‍ സിനിമാ ഷൂട്ടിങ്ങിനുള്ളതല്ലെന്നും ഭക്തര്‍ക്ക് ആരാധയ്ക്കുള്ളതാണ് എന്നുമാണ് കോടതി പറഞ്ഞത്.

വിശേഷം സിനിമയുടെ ഷൂട്ടിങ്ങിന് ക്ഷേത്രത്തില്‍ അനുമതി നല്‍കിയതിന് എതിരെയാണ് തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോന്‍, ഗംഗ വിജയന്‍ എന്നിവര്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാന്‍ അനുവദിക്കരുത് എന്നാണ് ഹര്‍ജിയിലെ ആവശ്യം.

വിശേഷം എന്ന സിനിമ ചിത്രീകരിക്കാന്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. പവിത്രമായ പൂജകള്‍ക്കും ആചാരങ്ങള്‍ക്കും വിലകല്‍പ്പിക്കാതെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് ഷൂട്ടിങ് നടന്നത് എന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജെ അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹരിജിയില്‍ സര്‍ക്കാരിന്റേയും ദേവസ്വത്തിന്റേയും വിശദീകരണം തേടി.

Share this Article

Leave a Comment