Newsperseconds.com

മലയാളക്കരക്ക് ഇന്ന് 68 വയസ്സ്; ഏവര്‍ക്കും കേരളപ്പിറവി ആശംസകള്‍

Untitled 1

നവംബര്‍ ഒന്ന്. ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാമൂഹ്യനീതിയുടേയും മൂല്യങ്ങള്‍ എക്കാലവും ചേര്‍ത്തുനിര്‍ത്തിയ കേരളം ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും രാജ്യത്തിനാകെ മാതൃകയായി വളരുകയാണ്. 1947ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാന പ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തു കൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകൃതമായി. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മലയാളികള്‍ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കേരളത്തിന് സാധിച്ചു. ദേശീയ പ്രസ്ഥാനവും നവോത്ഥാന മുന്നേറ്റവും തീര്‍ത്ത അടിത്തറയിലാണ് ഈ നേട്ടങ്ങളെല്ലാം നാം പടുത്തുയര്‍ത്തിയത്. ആധുനിക കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും അതു സമ്മാനിച്ച സുദീര്‍ഘമായ ചരിത്രവും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനും കേരളീയര്‍ ഈ ദിനത്തില്‍ ചെയ്യേണ്ടതുണ്ട്. ഐക്യകേരളത്തിനായി പൊരുതിയ പൂര്‍വികരുടെ ശ്രമങ്ങള്‍ പാഴാവില്ലെന്ന് ഉറപ്പു വരുത്തി കൊണ്ട് പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കാം. ജാതിമതപ്രാദേശിക വൈജാത്യങ്ങള്‍ക്ക് അതീതമായ മാനവികതയെ ഏറ്റെടുക്കാനും പരസ്പരം കൈകോര്‍ത്തു പിടിച്ചു മുന്നോട്ടു പോകാനും നമുക്ക് സാധിക്കട്ടെ.

ഏവര്‍ക്കും കേരളപ്പിറവി ആശംസകള്‍

Share this Article

Leave a Comment