Newsperseconds.com

എല്ലാ സ്വകാര്യസ്വത്തും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല; നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി

Untitled 1

ന്യൂഡല്‍ഹി: എല്ലാ സ്വകാര്യസ്വത്തും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ അനുവദിക്കുന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് 8-1 ഭൂരിപക്ഷത്തിലാണ് സുപ്രധാനവിധി പുറപ്പെടുവിച്ചത്.

1978 ലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധിയാണ് കോടതി റദ്ദാക്കിയത്. ഭരണഘടനയുടെ 39(ബി) അനുച്ഛേദത്തില്‍ പറയുന്ന സാമൂഹിക ഭൗതിക സ്വത്തില്‍ സ്വകാര്യസ്വത്തും ഉള്‍പ്പെടുമോ എന്ന പതിറ്റാണ്ടുകളുടെ നിയമപ്രശ്‌നത്തിനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരം നല്‍കിയത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും ബി.വി. നാഗരത്നയ്ക്കും പുറമേ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാംശു ദൂലിയ, ജെ.ബി. പാര്‍ദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍, സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഒരു കമ്മ്യൂണിറ്റിയുടെ മെറ്റീരിയല്‍ റിസോഴ്സില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും അത് സാഹചര്യത്തിനനുസരിച്ചാണെന്ന് ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.ജസ്റ്റിസ് ബി.വി. നാഗരത്‌ന ഇതിനോടു ഭാഗികമായി യോജിച്ചു. എന്നാല്‍ ജസ്റ്റിസ് സുധാംശു ധൂലിയ പൂര്‍ണമായി വിയോജിച്ച് ഭിന്നവിധിയെഴുതി. സമൂഹത്തിലെ ഭൗതികസ്വത്തുക്കളുടെ ഉടമസ്ഥതയും നിയന്ത്രണവും സര്‍ക്കാരിന് ഏറ്റെടുത്ത് പൊതുനന്മയ്ക്കായി വിതരണംചെയ്യാമെന്ന ഭരണഘടനയുടെ 39(ബി) അനുച്ഛേദമാണ് ബെഞ്ച് വ്യാഖ്യാനിച്ചത്.

തീരുമാനമെടുക്കേണ്ടത് സ്വഭാവസവിശേഷതകള്‍, അതിന്റെ ദൗര്‍ലഭ്യത, സമൂഹത്തിന്റെ നന്മയ്ക്ക് അതുണ്ടാക്കുന്ന ആഘാതം, സ്വകാര്യ കരങ്ങളിലെത്തിയാലുള്ള പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ്. മുംബൈയിലെ പഴക്കമുള്ള അപകടകരമായ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമം ഉള്‍പ്പെടെ ചോദ്യംചെയ്യുന്ന ഹര്‍ജികളിലാണ് വിധി. രണ്ട് സാഹചര്യങ്ങളിലൂടെയാണ് വ്യക്തമാക്കിയത്. ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ കൈവശം വെക്കുന്നതു കൊണ്ടു മാത്രം പൊതുനന്മയുടെ ഗുണം ചെയ്യുമെന്ന് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.

 

Share this Article

Leave a Comment