ന്യൂഡല്‍ഹി: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡോണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ സുഹൃത്തിന്റെ അത്ഭുതകരമായ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹവുമായി മികച്ച സംഭാഷണം നടത്തിയെന്ന് പ്രധാനമന്ത്രി എക്സ് അക്കൗണ്ടില്‍ കുറിച്ചു.
സാങ്കേതികവിദ്യ, പ്രതിരോധം, ഊര്‍ജ്ജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നും മോദി വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് അഭിനന്ദിച്ച ആദ്യ ലോക നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് എന്നാണ് ട്രംപുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയെ ഒരു യഥാര്‍ത്ഥ സുഹൃത്തായി താന്‍ കരുതുന്നുവെന്ന് ട്രംപ് മോദിയോട് സൂചിപ്പിച്ചു. ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി മോദി ഒരു ഗംഭീര നേതാവാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.