Newsperseconds.com

ബിജെപിയോട് വിട; സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍; അപ്രതീക്ഷിത നീക്കം

Untitled 1

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ഷാള്‍ അണിയിച്ച് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപിയില്‍ പൊട്ടിത്തെറി സംഭവിക്കുന്നത്. സന്ദീപ് വാര്യര്‍ ബിജെപി വിടുമെന്നുള്ള വാര്‍ത്തകള്‍ കുറേ നാളുകളായി പുറത്തു വരുന്നുണ്ട്. ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുമെന്ന തരത്തിലുള്ള അഭ്യൂഹം ശക്തമായത്.

തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ അത് കണക്കിലെടുക്കാന്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു. താന്‍ മാനസികമായി വല്ലാതെ വിഷമിച്ച ഘട്ടത്തില്‍ പോലും പാര്‍ട്ടിയിലെ ഒരു നേതാവ് പോലും വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. അമ്മ മരിച്ചപ്പോള്‍ സി കൃഷ്ണകുമാര്‍ നാട്ടിലുണ്ടായിരുന്നെങ്കിലും ഫോണില്‍ പോലും വിളിച്ചിരുന്നില്ലെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ വൈകാതെ തന്നെ ബിജെപി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

Share this Article

Leave a Comment