ഇടുക്കി: വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ കല്ലുവേലിപ്പറമ്പില്‍ ജോബിനാണ് (40) മരിച്ചത്. അദ്ദേഹത്തിനൊപ്പം മദ്യപിച്ച വണ്ടിപ്പെരിയാര്‍ സ്വദേശി പ്രഭു(40) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും തിരുപ്പൂരില്‍ നിന്ന് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി നാട്ടിലേക്ക് വരുംവഴിയാണ് മദ്യപിച്ചത്. വീട്ടിലേക്ക് വരുന്ന വഴി കുമളിയില്‍ വാഹനം നിര്‍ത്തിയിരുന്നു. ഈ സമയം ഇവരുടെ കൈവശമുണ്ടായിരുന്നു മദ്യം എടുക്കുകയും കുടിവെള്ളമാണെന്നു കരുതി ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ബാറ്ററി വെള്ളം ചേര്‍ത്ത് കഴിക്കുകയുമായിരുന്നു.
കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് സംഭവം. ബാറ്ററിവെള്ളം അബദ്ധത്തില്‍ ഉപയോഗിച്ചതായാണ് വിവരം. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിനെ രക്ഷിക്കാനായില്ല. പ്രഭുവിനെ പ്രഥമശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.