കൊച്ചി: നടന്‍ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കില്ലെന്ന് അതിജീവിതയായ നടി. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ദിവസമാണ് നടന്മാര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുന്നുവെന്ന് ഇവര്‍ പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്തിലാണ് പരാതി പിന്‍വലിക്കാന്‍ തിരുമാനിച്ചത്. ഡബ്ല്യൂസിസിപോലും തനിക്കൊപ്പം നിന്നില്ലെന്നും പരാതിക്കാരി ആരോപിച്ചു. എന്നാല്‍ ഭര്‍ത്താവ് പറഞ്ഞതുകൊണ്ട് ഇപ്പോള്‍ പരാതി പിന്‍വലിക്കുന്നതില്‍ നിന്ന് പിന്മാറുകയാണ്. കേസുമായി മുന്നോട്ടുപോകുമെന്നും നടി പറഞ്ഞു. തന്റെ പേരിലുള്ള പോക്‌സോ കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും എന്തുകൊണ്ടാണ് കേസില്‍ തന്നെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്ന് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.