ശബരിമല: സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കും. ബിഎസ്എന്‍എല്ലും ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് ഫ്രീ വൈഫൈ സൗകര്യമൊരുക്കുന്നത്. ഇതിനു വേണ്ടി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകള്‍ സജ്ജമായി. ഏത് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ഉപയോഗിക്കാവുന്നതാണ്. ആദ്യത്തെ അരമണിക്കൂര്‍ ഒരു സിമ്മില്‍ സൗജന്യമായി 4 ജി ഇന്റര്‍നെറ്റ് ലഭിക്കും.
ഫോണിലെ വൈഫൈ ഓപ്ഷന് ലോങ്ങ് പ്രസ് ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്‍ വൈഫൈ കാണാം. അതില്‍ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് ഫോണ്‍ നമ്പര്‍ കൊടുക്കുമ്പോള്‍ ഒടിപി ലഭിക്കും. അത് കൊടുത്തശേഷം ഡാറ്റ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ഇനി നിങ്ങള്‍ക്ക് അരമണിക്കൂറില്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ പേയ്മെന്റ് നല്‍കിയും സേവനം ആസ്വദിക്കാം.
ശബരിമലയില്‍ ശരംകുത്തി ക്യു കോംപ്ലക്സ്, നടപ്പന്തല്‍ തുടക്കം, എസ് ബി ഐ എ ടി എം (2 യൂണിറ്റുകള്‍ ), തിരുമുറ്റം (2 യൂണിറ്റുകള്‍), ഓഡിറ്റോറിയം, അന്നദാനമണ്ഡപം, അപ്പം അരവണ വിതരണ കൗണ്ടര്‍ (2 യൂണിറ്റുകള്‍), മാളികപ്പുറത്തെ അപ്പം അരവണ വിതരണ കൗണ്ടര്‍, മാളികപ്പുറം തിടപ്പിള്ളി, ദേവസ്വം ഗാര്‍ഡ് റൂം, മരാമത്ത് ബില്‍ഡിംഗ്, ശബരിമല ബി എസ് എന്‍ എല്‍ എക്സ്ചേഞ്ച്, ജ്യോതിനഗറിലെ ബി എസ് എന്‍ എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളില്‍ വൈഫൈ സ്പോട്ടുകള്‍ ലഭിക്കും.