ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വടക്കന്‍, ഡെല്‍റ്റ ജില്ലകളിലും പുതുച്ചേരിയിലും കനത്ത സുരക്ഷ. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിനും കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരയടിക്കും. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫെംഗല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ലകുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ചെന്നൈ ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പേരാമ്പ്ര, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്ക്കല്‍ മേഖലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.