ശബരിമല: ശബരിമലയിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ശബരിമല ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് പ്രതിപക്ഷനേതാവ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചത്. ദര്‍ശനത്തിന് ഒരു പ്രയാസവും ഉണ്ടായില്ലെന്നും തീര്‍ഥാടനം ഇതുവരെ പ്രശ്‌നങ്ങളില്ലാതെയാണ് പോയതെന്നും വി ഡി സതീശന്‍ പറഞ്ഞു. പൊലീസ് സംവിധാനവും നല്ലതുപോലെ പോകുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമലയില്‍ ഇത്തവണയെത്തുന്ന ഭക്തര്‍ക്ക് ഭക്ഷണവും വെള്ളവും സുരക്ഷയുമെല്ലാം വലിയ രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. ശബരിമല സന്നിധാനത്തെത്തുന്ന മുതിര്‍ന്ന അയ്യപ്പന്മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലിയ നടപ്പന്തലില്‍ ഒരു വരി അവര്‍ക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഇവരെ ഫ്‌ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ട് ദര്‍ശനത്തിനായി കടത്തിവിടുന്നുമുണ്ട്.