പാലക്കാട്: കല്ലടിക്കോട് ദേശീയപാതയില്‍ നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ അശാസ്ത്രീയമായ റോഡ് നിര്‍മാണത്തെ വിമര്‍ശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണങ്ങളാണ് പലപ്പോഴും അപകടങ്ങല്‍ക്ക് കാരണമാകുന്നത്. ദേശീയപാത ഡിസൈന്‍ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാര്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണെന്നും ഇന്ത്യയില്‍ പലയിടത്തും വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന് കാരണം ഇതാണെന്ന് ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പലയിടത്തും ഹൈവേ നിര്‍മിക്കാന്‍ വരുന്ന എന്‍ജിനിയര്‍മാര്‍ക്ക് റോളില്ലാത്ത അവസ്ഥയാണെന്ന് തോന്നുന്നു. നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്ന പുറത്തുള്ള കമ്പനികളുടെ കോണ്‍ട്രാക്ടര്‍മാരുടെ ഡിസൈനിലാണ് പലയിടത്തും നിര്‍മാണം നടക്കുന്നത്. ലോകബാങ്കിന്റെ റോഡുകള്‍ പോലെ, പ്രാദേശിക എന്‍ജിനീയര്‍മാരെയോ പ്രാദേശിക ജനപ്രതിനിധികളെയോ കണക്കിലെടുക്കാറില്ല. ഗൂഗിള്‍ മാപ്പ് വഴി റോഡ് ഡിസൈന്‍ ചെയ്തശേഷം പണം നല്‍കുകയാണ് ചെയ്യുന്നതെന്ന് ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.