യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചു. ഇന്ത്യൻ ശൈലിയിലുള്ള അലങ്കാരങ്ങളും വർണ്ണപ്പകിട്ടും ആഘോഷങ്ങളും സംഗമിച്ച പരിപാടിയിൽ മുന്നൂറോളം അതിഥികൾ പങ്കെടുത്തു. ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാണ് പല അതിഥികളും എത്തിയത്.
“നമ്മൾ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടിലാക്കുന്ന നിരവധി സംഭവങ്ങൾ നടക്കുന്ന നേരത്താണ്. ഈ സമയത്ത് വെളിച്ചത്തിന്റെ ഉത്സവം എത്ര പ്രധാനമാണെന്ന് നമ്മൾ ഓർക്കണം.”- കമല ഹാരിസ് പറഞ്ഞു.
സമൂസ, മലൈ ഐസ് ക്രീം, ഭേൽ, മസാല ചായ എന്നിവയൊക്കെയായിരുന്നു പ്രധാന ഭക്ഷണ വിഭവങ്ങൾ.
ഇന്ത്യൻ, ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റികളിലെ സ്വാധീനമുള്ള നിരവധി വ്യക്തികൾ ദീപവലി ആഘോഷിക്കാൻ ഒത്തുകൂടി. ഹാരിസിന്റെ ഓഫീസിന്റെ ഗേറ്റിന് പുറത്ത്, വിളക്കുകൾ കൊണ്ട് അലങ്കരിച്ച വർണ്ണാഭമായ രംഗോലിയും ഒരുക്കിയിരുന്നു.
വേൾഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗാ, നെറ്ഫ്ലിക്സ് ചീഫ് കണ്ടെന്റ്റ് ഓഫിസർ ബേല ബജാറിയ, യുഎസ് ഹൗസ് അംഗങ്ങളായ രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, റോ ഖന്ന, തനേദാർ, മിസ് യുഎസ്എ നീന ദവാളൂരി, എ ബി സി ന്യൂസ് ആങ്കർ സോഹ്‌റീൻ ഷാ, അമേരിക്കൻ നടിയും എഴുത്തുകാരിയുമായ ശീതൾ ശേത് തുടങ്ങിയവർ ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു.