തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. കലോത്സവ മാമാങ്കത്തിന് മുന്നോടിയായി വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയില്‍ എത്തും. 25 വേദികളിലും അവസാനഘട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. അതോടൊപ്പം പുത്തരകണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചല്‍ ചടങ്ങും ഇന്ന് നടക്കും. പഴയിടം മോഹനന് നമ്പൂതിരി തന്നെയാണ് ഇക്കുറിയും ഭക്ഷണം ഒരുക്കുന്നത്. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് സ്വര്‍ണകപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഏറ്റുവാങ്ങും. തുടര്‍ന്ന് തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വീകരണം നല്‍കും. പിന്നാലെ ജില്ലയിലെ വിവിധ സ്കൂളുകളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെ വേദിയിലെത്തിച്ചേരും. അറുപത്തി മൂന്നാമത് കേരള സ്കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ തിരുവനന്തപുരമാണ് സ്കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി കലോത്സവത്തിന്റെ ഭാഗമാവും. പണിയ നൃത്തം, പളിയ നൃത്തം, മംഗലംകളി, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍.