കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി ഉള്‍വനത്തില്‍ ഇന്നലെ രാത്രിയിലും വെടിവെയ്പ്പ്. തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ വനത്തില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് നേരെ കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ പരിക്കേറ്റ മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂന്ന് തോക്കുകള്‍ സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.
ഇന്നലെ രാത്രിയില്‍ ഇടയ്ക്കിടെ വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രത്യേക ദൗത്യ സംഘം വനമേഖലയില്‍ തുടരുകയാണ്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. ഉള്‍വനത്തില്‍ രണ്ടിലധികം ഷെഡുകളുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഈ രണ്ട് ഷെഡ്ഡുകളിലാണ് മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം, മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിര്‍ത്തിയിലെ റോഡുകള്‍ പൊലീസ് വളഞ്ഞു.