Newsperseconds.com

ചൂരല്‍മലയില്‍ കനത്ത മഴ; ഒറ്റരാത്രിയില്‍ 100 മില്ലിമീറ്റര്‍ മഴ, പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നു – ജാഗ്രതാനിര്‍ദേശം പുറത്ത്

Churalmala

വയനാട്: വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിനെ തുടര്‍ന്ന് ചൂരല്‍മലയില്‍ ആശങ്കയുയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ ദുരന്തം നേരിട്ട മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ബെയിലി പാലത്തിന്റെ താഴെയാണ് പുന്നപ്പുഴയില്‍ വെള്ളം കുത്തിയൊഴുകുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഈ ഭാഗത്ത് ഒറ്റരാത്രിയില്‍ 100 മില്ലിമീറ്ററോളം മഴ പെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട്.

പുഴയിലെ ജലനിരപ്പ് കുതിച്ചുയരതോടെ മുണ്ടക്കൈ–അട്ടമല റോഡ് പൂര്‍ണമായും മുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പുഴയുടെ ഒഴുക്ക് മുകളിലേക്ക് കുത്തിയൊഴുകുന്നതിന് കാരണം മണ്ണിടിച്ചിലാകാമെന്ന സംശയത്തിലാണ് റവന്യൂ വിഭാഗം. അധികൃതര്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ മണ്ണിടിച്ചിലുണ്ടായതായി കണ്ടെത്തിയിട്ടില്ലെങ്കിലും, കൂടുതല്‍ വിശദമായ പരിശോധനയ്ക്കുശേഷമല്ലാതെ ഉറപ്പ് പറയാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ പുഴ കുത്തിയൊഴുകുന്ന ഭാഗത്ത് ആളുകൾ താമസിക്കുന്ന വീടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലിന് ശേഷം ഈ പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ആളപായമോ ഭീഷണിയോ നിലവില്‍ ഉണ്ടാകാനിടയില്ലെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Share this Article

Leave a Comment