Newsperseconds.com

സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് അന്തരിച്ചു

Untitled Design (4)

സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹം ഉൾപ്പെടെയുള്ള അസുഖത്തെ തുടർന്ന് നവംബർ 12നാണ് സുബ്രത റോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. ഭാര്യ-സ്വപ്ന റോയ്. മക്കള്‍-സുശാന്ത് റോയ്, സീമാന്തോ റോയ്. ഇന്ത്യയിലെ വ്യവസായ പ്രമുഖരിൽ ഒരാളായിരുന്നു ഇദ്ദേഹം.

1948ല്‍ ബിഹാറിലെ അരാരിയിൽ ജനിച്ച സുബ്രത റോയ്, 1976ലാണ് പ്രതിസന്ധിയിലായ സഹാറ ഫിനാന്‍സ് കമ്പനി ഏറ്റെടുക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗോരഖ്പൂരിലെ ഗവൺമെന്റ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ വിദ്യാഭ്യാസം നേടിയ സുബ്രത റോയ്, 1978ല്‍ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാര്‍ എന്നുമാറ്റുകയായിരുന്നു. കേവലം 2,000 രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനി വ്യവസായ രംഗത്തെ പ്രമുഖന്മാരിൽ ഒന്നാണിപ്പോൾ. പിന്നീട് അദ്ദേഹത്തിന്‍റെ കുടുംബം ബിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി. തുടർന്ന്, 1990-കളിൽ സുബ്രത റോയ് ലഖ്‌നൗവിലേക്ക് മാറുകയും നഗരത്തെ തന്‍റെ ഗ്രൂപ്പിന്റെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു.

2004-ൽ, ടൈം മാഗസിൻ സഹാറ ഗ്രൂപ്പിനെ ” ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവ് ” എന്ന് വിശേഷിപ്പിച്ചു . ഇന്ത്യയിലുടനീളമുള്ള 5,000-ത്തിലധികം സ്ഥാപനങ്ങളിലൂടെ സഹാറ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ബിസിനസിലെ നേട്ടങ്ങൾക്കിടയിലും കടുത്ത വെല്ലുവിളികൾ സുബ്രത റോയിയെ തേടി എത്തിയിരുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി)രജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010ൽ സെബി അന്വേഷണം ആരംഭിച്ചു. ഇത് വലിയ തിരിച്ചടിയായിരുന്നു.

ഇങ്ങനെ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകർക്കു തിരികെ നൽകാൻ 2012ൽ സുപ്രീം കോടതി വിധിച്ചു. കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് 2014ൽ സുബ്രതോ റോയിയെ സുപ്രീം കോടതി തടവിലാക്കി. തുടർന്ന് തിഹാർ ജയിലിൽ കഴിയുകയും ഒടുവിൽ 2016ൽ പരോളിൽ പുറത്തിറങ്ങുകയും ചെയ്തു.

‌ഈസ്റ്റ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിസിനസ്സ് നേതൃപാടവത്തിൽ ഓണററി ഡോക്ടറേറ്റും ലണ്ടനിലെ പവർബ്രാൻഡ്സ് ഹാൾ ഓഫ് ഫെയിം അവാർഡിൽ ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

Share this Article

Leave a Comment