Newsperseconds.com

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ല; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

Cm Kerala

തിരുവനന്തപുരം: പുതിയ സെന്‍സസിന്റെ ഭാഗമായി കേരളത്തില്‍ ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കില്ലെന്നത് ഉറപ്പാക്കുന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. സെന്‍സസിനൊപ്പം എന്‍പിആര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും 2019ല്‍ തന്നെ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നുവെന്നും, ആ പ്രഖ്യാപിത നിലപാട് വീണ്ടും ആവര്‍ത്തിച്ചുകൊണ്ടാണ് പുതിയ ഉത്തരവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് കാരണം പിന്നീട് സെന്‍സസ് നടപടികള്‍ നടന്നിരുന്നില്ലെങ്കിലും, അടുത്ത വര്‍ഷം രാജ്യത്താകെ സെന്‍സസ് പുനരാരംഭിക്കാനിരിക്കെ എന്‍പിആര്‍ കൂടി നടപ്പാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയുള്ള സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് എന്‍പിആര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 2019 ഡിസംബര്‍ 20 മുതല്‍ തന്നെ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണെന്നും, സിഎഎ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കേസ് നല്‍കിയതും കേരള സര്‍ക്കാരാണെന്നും ചൂണ്ടിക്കാട്ടി, ആ നിലപാടുകളുടെ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ് എന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

Share this Article

Leave a Comment