Newsperseconds.com

ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്

Strike

തിരുവനന്തപുരം: ലേബര്‍ കോഡുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര നിയമങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്.
ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴം രാത്രി പന്ത്രണ്ടുവരെ തുടരും. പണിമുടക്കിന്റെ ഭാഗമായി രാജ്യമെമ്പാടും ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. സംസ്ഥാനത്ത് അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാര്‍ഥി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കാനാണ് സാധ്യത. കര്‍ഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
തൊഴിലുകള്‍ നിര്‍ത്തിവച്ചും കടകമ്പോളങ്ങള്‍ അടച്ചും യാത്രകള്‍ ഒഴിവാക്കിയും വാഹനങ്ങള്‍ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ക്ക് പുറമെ കേന്ദ്ര – സംസ്ഥാന ജീവനക്കാരും, ഇന്‍ഷുറന്‍സ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ – യുവജന – വിദ്യാര്‍ഥി സംഘടനകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പണിമുടക്കിന് മുന്നോടിയായി തൊഴിലുടമകള്‍ക്ക് ട്രേഡ് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment