Newsperseconds.com

വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ടം നാളെ ജനങ്ങൾക്ക് സമർപ്പിക്കും

Wayanad township

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തെ അതിജീവിച്ചവർക്ക് പുതുജീവിതത്തിന്റെ വാതിൽ തുറന്ന് നൽകുന്ന വയനാട് മാതൃകാ പുനരധിവാസ ടൗൺഷിപ്പിന്റെ ആദ്യഘട്ടം നാളെ ജനങ്ങൾക്ക് സമർപ്പിക്കും. ദുരന്തബാധിതരുടെ സ്വപ്നങ്ങൾക്ക് ചിറകേകുന്ന ഈ മഹത്തായ സംരംഭത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.

ഉദ്ഘാടനത്തിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ദൃഢനിശ്ചയവും വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനവും ചേർന്നാണ് ടൗൺഷിപ്പ് യാഥാർഥ്യമായതെന്ന് അവർ പറഞ്ഞു.

ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത ടൗൺഷിപ്പിന്റെ ആദ്യഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് മുൻഗണനയായി വീടുകൾ കൈമാറുന്നത്.

വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായി, പ്രകൃതി ദുരന്തങ്ങളെ ചെറുക്കാൻ കഴിയുന്ന വിധത്തിൽ 1000 ചതുരശ്ര അടിയിൽ ഒറ്റ നിലയായി വീടുകൾ നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ ഇരുനിലയായി വികസിപ്പിക്കാനുള്ള അടിത്തറയും ഒരുക്കിയിട്ടുണ്ട്. പ്രധാന കിടപ്പുമുറി, രണ്ട് അധിക മുറികൾ, സിറ്റൗട്ട്, ലിവിംഗ് ഏരിയ, സ്റ്റഡി റൂം, ഡൈനിംഗ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ ഉൾപ്പെടുത്തിയ സമ്പൂർണ്ണ സൗകര്യങ്ങളോടെയാണ് വീടുകൾ.

410 വീടുകളിലായി 1662 ലധികം ആളുകൾക്ക് സുരക്ഷിത താമസ സൗകര്യമൊരുങ്ങും. വീടുകൾക്കുപുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ എന്നിവയും ടൗൺഷിപ്പിന്റെ ഭാഗമാകും.

ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്‌സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒ.പി., ടിക്കറ്റ് കൗണ്ടർ തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിക്കും. പൊതുമാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളിസ്ഥലം, പാർക്കിംഗ് സൗകര്യം എന്നിവ ഉണ്ടാകും. കമ്മ്യൂണിറ്റി സെന്ററിൽ മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി, സ്പോർട്സ് ക്ലബ്, ഓപ്പൺ എയർ തിയേറ്റർ, കളിസ്ഥലം എന്നിവ ഒരുക്കും.

ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്തതിന് പിന്നാലെ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2025 മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ കണ്ണീരിൽ നിന്നുയർന്ന സ്വപ്നമാണ് എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പ്.

Share this Article

Leave a Comment