വ്യാജ ഐഡി കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിവാദ ആപ്പ് ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങളിലും ചോദ്യം ചെയ്യൽ ഉണ്ടാകും.
യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഏജൻസി വിവരം കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളും കേസിൽ ചുമത്തും. കേസ് സിബിഐക്ക് വിടുന്ന കാര്യവും സർക്കാർ ആലോചനയിലുണ്ട്.
അതേസമയം, കൃത്രിമം നടന്നിട്ടില്ലെന്ന നിലപാടാണ് യൂത്ത് കോൺഗ്രസ് ആവർത്തിക്കുന്നത്.
ഇതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അബിൻ വർക്കി, അരിത ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇന്ന് നടന്ന അഭിമുഖത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.