തൃശൂര്‍: തൃശൂര്‍ വിവേകോദയം സ്കൂളില്‍ വെടിവെയ്പ്പ്. പൂര്‍വ്വ വിദ്യാര്‍ത്ഥി തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ക്ലാസ് റൂമില്‍ കയറിയ വിദ്യാര്‍ത്ഥി 3 തവണ മുകളിലേക്ക് വെടിവച്ചു. തുടര്‍ന്ന് ക്ലാസ്റൂമില്‍ ഉണ്ടായിരുന്ന കുട്ടികള്‍ പരിഭ്രാന്തരായി. ആളപായമില്ല. മുളയം സ്വദേശി ജഗനാണ് തോക്കുമായി സ്ക്കൂളില്‍ എത്തിയത്.
തൃശൂര്‍ ഈസ്റ്റ് പൊലീസ് ജഗനെ കസ്റ്റഡിയില്‍ എടുത്തു. ജഗന് ലഹരിക്കടിമയാണെന്നാണ് വിവരം. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെടിവെച്ച കാരണം വ്യക്തമായിട്ടില്ല. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.