ചെന്നൈ: സഹപ്രവര്‍ത്തകന്‍ മന്‍സൂര്‍ അലി ഖാന്റെ ക്ഷമാപണം സ്വീകരിച്ച് നടി തൃഷ കൃഷ്ണന്‍. മന്‍സൂര്‍ അലിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ചിരഞ്ജീവയടക്കമുള്ള മുന്‍നിര നടന്‍മാരും വനിതാ കമ്മിഷനുമൊക്കെ വിമര്‍ശനവുമായി എത്തിയിരുന്നു. സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നുവെന്നും താന്‍ ഇതില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നുമാണ് മന്‍സൂര്‍ പറഞ്ഞത്. തുടര്‍ന്ന്, തെറ്റ് മനുഷ്യസഹജമാണ്, ക്ഷമിക്കുന്നത് ദൈവികമാണെന്നായിരുന്നു മന്‍സൂറിന് തൃഷയുടെ മറുപടി.
അടുത്തിടെ പുറത്തിറങ്ങിയ തൃഷ നായികയായെത്തിയ ലിയോയില്‍ റേപ് സീന്‍ ഇല്ലായിരുന്നുവെന്നും ഉറപ്പായും ഒരു ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ പ്രതികരിച്ച് പിന്നീട് തൃഷ തന്നെ രംഗത്തെത്തുകയായിരുന്നു. മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവന ക്രൂരവും വെറുപ്പുളവാക്കുന്നതുമാണ്. അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നുമാണ് തൃഷ വ്യക്തമാക്കി. തുടര്‍ന്ന് വനിതാ കമ്മീഷനടക്കം സംഭവത്തില്‍ ഇടപെടുകയായിരുന്നു.
എന്നാല്‍ മാപ്പ് പറയില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഖാന്‍ പറഞ്ഞിരുന്നു. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മറ്റ് രണ്ട് നടിമാരായ ഖുശ്ബു, റോജ എന്നിവരെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശവും പ്രതിഷേധാര്‍ഹവും സമാന സ്വഭാവവുമാണെന്ന് അഭിനേതാക്കളുടെ സംഘടന പറഞ്ഞു.